പാരീസ്: വടക്കൻ ഫ്രാൻസിലെ കായെൻ നഗരത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ ഒൻപതുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയാറുകാരനായ റഷ്യയിലെ ചെചെൻ സ്വദേശിയെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. കായെൻ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള തെരുവിൽ ബുധനാഴ്ച രാത്രി 10.15നാണ് ആക്രമണമുണ്ടായത്.
പ്രദേശത്തുണ്ടായ വാക്കുതർക്കത്തിനും സംഘർഷത്തിനും പിന്നാലെയാണ് ആക്രമണം. വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തികളിൽ ഒരാൾ തന്റെ കാറെടുത്ത് സമീപത്ത് നിന്നിരുന്ന ആളുകൾക്കിടയിലേക്കു ബോധപൂർവം ഇടിച്ചുകയറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.